യൂദാസ് സ്കറിയോത്ത
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും ബൈബിൾ പറയുന്നു.യേശു ക്രിസ്തുവിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി മത്തായിയുടെ സുവിശേഷം പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് അപ്പ. പ്രവർത്തനങ്ങളിൽ (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള അക്കൽദാമ എന്നറിയപ്പെട്ടു.
യൂദാസിന്റെ സുവിശേഷം എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും യേശു ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവർത്തകനായ മാനുവൽ ജോർജ്ജ് എഴുതിയ പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.